Monday, February 8, 2010

എന്നെ അറിയുമോ?

ആരു ഞാന്‍,
എന്‍ ഹൃദയ വാദ്യലയം
ഉണര്‍ത്തും ഊര്‍ജ്ജമേതു്,
എന്‍മനസ്സിന്റെ മതില്‍ക്കെട്ടില്‍
ഓര്‍മ്മകള്‍തന്‍ പ്രദക്ഷിണ വഴികള്‍ തീര്‍ക്കും,
ദേവനാരു്?
എന്റെ ഉണ്മയിലൂറി വന്നോരറിവു്,
- എനിക്കെന്നെ അറിയില്ല!

കാലമെത്ര കഴിഞ്ഞു പൂരുഷ-
ജന്മമെത്ര കഴിഞ്ഞു ഭൂവില്‍
ഐതിഹാസിക വേദസംഹിത,
ഉപനിഷത്തുകള്‍, ജനപഥങ്ങള്‍,
അശ്വമേധം, ദിഗ്ജയങ്ങള്‍,
ആറ്റംബോംബുകള്‍, ചന്ദ്രയാത്രകള്‍,
വിജയഭേരികള്‍.........
"എവിടെ നിന്നു വരുന്നു നീ
എവിടേക്കു പോണു നീ "
എന്റെ ഉണ്മയിലൂറി വന്നോരറിവു്
- എനിക്കെന്നെ അറിയില്ല!

എന്റെയുള്ളിലെ എന്നെയറിയാതെന്തു നേടിലും,
ദിഗ്ജയങ്ങളില്‍, വിജയഭേരിയില്‍,
അന്തരംഗം ഉതിര്‍ത്തിടുന്നൊരു
നേര്‍ത്ത ചോദ്യം, - ആരു ഞാന്‍?
എന്റെ ഉണ്മയിലൂറി വന്നോരറിവു്
- എനിക്കെന്നെ അറിയില്ല!

1 comment:

shree said...

"എന്റെ ചിന്തകള്‍" നന്നായി. ' എനിക്ക് എന്നെ അറിയില്ല', 'എനിക്ക് ഒന്നും അറിയില്ല ' എന്നൊക്കെ ഉള്ള ഉണ്മകള്‍ മനസ്സിലായാല്‍ എല്ലാമായി.ഇതു നമുക്കെല്ലാവര്‍ക്കും ബാധകം ആണ്.