എന്റെ ചിന്തകള്‍

Tuesday, February 23, 2010

Blog moved to Wordpress.com

Hai,
This blog has been moved to Wordpress.com , the new
Blog is at http://karanattu.wordpress.com

Regards...

Monday, February 8, 2010

എന്നെ അറിയുമോ?

ആരു ഞാന്‍,
എന്‍ ഹൃദയ വാദ്യലയം
ഉണര്‍ത്തും ഊര്‍ജ്ജമേതു്,
എന്‍മനസ്സിന്റെ മതില്‍ക്കെട്ടില്‍
ഓര്‍മ്മകള്‍തന്‍ പ്രദക്ഷിണ വഴികള്‍ തീര്‍ക്കും,
ദേവനാരു്?
എന്റെ ഉണ്മയിലൂറി വന്നോരറിവു്,
- എനിക്കെന്നെ അറിയില്ല!

കാലമെത്ര കഴിഞ്ഞു പൂരുഷ-
ജന്മമെത്ര കഴിഞ്ഞു ഭൂവില്‍
ഐതിഹാസിക വേദസംഹിത,
ഉപനിഷത്തുകള്‍, ജനപഥങ്ങള്‍,
അശ്വമേധം, ദിഗ്ജയങ്ങള്‍,
ആറ്റംബോംബുകള്‍, ചന്ദ്രയാത്രകള്‍,
വിജയഭേരികള്‍.........
"എവിടെ നിന്നു വരുന്നു നീ
എവിടേക്കു പോണു നീ "
എന്റെ ഉണ്മയിലൂറി വന്നോരറിവു്
- എനിക്കെന്നെ അറിയില്ല!

എന്റെയുള്ളിലെ എന്നെയറിയാതെന്തു നേടിലും,
ദിഗ്ജയങ്ങളില്‍, വിജയഭേരിയില്‍,
അന്തരംഗം ഉതിര്‍ത്തിടുന്നൊരു
നേര്‍ത്ത ചോദ്യം, - ആരു ഞാന്‍?
എന്റെ ഉണ്മയിലൂറി വന്നോരറിവു്
- എനിക്കെന്നെ അറിയില്ല!

Saturday, November 7, 2009

തൂക്കുവയര്‍

അന്നൊരമാവാസി ആയിരുന്നു. ഇരുട്ടാണെങ്കില്‍ കുറ്റാക്കൂരു്. പൊറിഞ്ചുവിന്റെ മകന്‍ തോമാച്ചന്‍ നിലവിളിച്ചു.

"തിരുമേനീ! രക്ഷിക്കണം".

യാതൊരു മേനിയും നടിക്കാതെ അച്ഛന്‍ തിരക്കി.

"എന്താ കാര്യം?"

തോമാച്ചന്‍ ദീനദീനം തുടര്‍ന്നു.

"അടിയന്‍ ഒരാളെ കൊന്നു!".

"വേഗം പോലീസ് സ്റ്റേഷനിലേയ്ക്കു് ചെല്ലു്. അവര്‍ ചെല്ലും ചെലവും തരും." - അച്ഛന്‍

പൊറിഞ്ചുവിനെ എനിക്കറിയാം. തോളത്തു് ഒരു തോര്‍ത്തും, മുണ്ടില്‍ കനമുള്ള ഒരു മടിയും, (വഴിയില്‍ ഭയമുണ്ടായിരുന്നില്ല) കറുത്ത ചരടില്‍ കോര്‍ത്ത കൊന്തയും, ഇരുനിറം - പൊറിഞ്ചുവിന്റെ രേഖാചിത്രം. ഓണത്തിനും വിഷുവിനും കാഴ്ചയായി ഒരുവല്ലം നിറയെ പച്ചകറികളും പഴങ്ങളും കൊണ്ടുവന്നിരുന്ന രൂപം.

അച്ഛനും പൊറിഞ്ചുവും തമ്മിലുള്ള ബന്ധം, എനിക്കു് മനസ്സിലായില്ല. ഏതായാലും അതു്, സോണിയയും കോണ്‍ഗ്രസും പോലെയോ, വെള്ളാപ്പളിയും ശ്രീനാരായാണഗുരുവും പോലെയോ, കുഞ്ഞാലിക്കുട്ടിയും ............ പോലെയോ ആയിരുന്നില്ല. ഗാഢബന്ധം! സള്‍ഫ്യൂരിക്യാസിഡല്ല.

ദുഖകണ്ഡാര രാഗത്തില്‍, നിരാലംബതാളത്തില്‍ തോമാച്ചന്‍ ആലാപനം തുടര്‍ന്നു.

" പതിവു പാക്കു് പണിയും (ചാര സംഘടനയുമായി ഇതിനൊരുബന്ധവുമില്ല) കഴിഞ്ഞു് കോരവൈദ്യന്റെ കടയ്ക്കു് മുമ്പിലോട്ടു് ചേല്ലുമ്പം, എന്റെ തിരുമേനീ.........! അപ്പനെ ആ വട്ടുകുന്നേല്‍ അവറാച്ചന്‍ (അതു് പോലീസ് സ്റ്റേഷനിലെ പേരാണു്, പള്ളിയില്‍ അബ്രഹാം, നാട്ടില്‍ കുഞ്ഞൂഞ്ഞു്, വീട്ടില്‍ ഞൂഞ്ഞു്) ഊരി പിടിച്ച കത്തിയുമായി കുത്താനോങ്ങി നില്‍ക്കുന്നു! അപ്പന്റെ കണ്ണിലെ പൊന്നീച്ചയും, അവറാച്ചന്റെ കണ്ണിലേ തീയും, എന്റെ കണ്ണിലെ ഇരുട്ടും വ്യക്തമായി കണ്ടതായി ഞാന്‍ ഓര്‍ക്കുന്നു. പെട്ടന്നു് എനിക്കു് മഹാകവി മാവറ ഇട്ടിണ്ടാന്റെ ഒരു കാവ്യശകലം ഓര്‍മ്മ വന്നു. Attack NPA before NPA attacks us* (അപ്പനെ കൊല്ലുന്നതിനു് മുന്‍പു് അവറാച്ചനേ ആക്രമിക്കണമെന്നു് കുഞ്ഞികുട്ടന്‍ തമ്പുരാന്റെ പരിഭാഷ).

അടയ്ക്ക നന്നാക്കുന്ന മടക്കു് പിച്ചാത്തി നിവര്‍ത്തി അവറാച്ചന്റെ പൊറത്തു് ഒരു കുത്തു്. കഷ്ടിച്ചു് അര ഇഞ്ച് മാത്രം കയറിയ പിച്ചാത്തി, അവറാച്ചന്‍ പിറകോട്ടു് മറിഞ്ഞു വീണതു കൊണ്ടു മാത്രം പിടിയടക്കം ഉള്ളില്‍. അവറാച്ചന്‍ ആണ്ട കെടക്കുന്നു. ചത്തു. അടിയന്‍ നേരെയിങ്ങു പോന്നു. എന്നാചെയ്യും തിരുമേനീ - രക്ഷിക്കണം!"

കാലത്തിന്റെ ഉരുള്‍പൊട്ടലില്‍ സമയം കുത്തിയൊലിച്ചു. ഏഷ്യാനെറ്റിന്റെ ഒരു സുപ്രഭാതത്തില്‍ ഫ്ലാഷ് ന്യൂസ് - തോമാച്ചനെ വെറുതേ വിട്ടു. ജഡ്ജി ഒഴിച്ചു കൊടുക്കുന്ന വിധിന്യായത്തില്‍ തോമാച്ചന്‍ കൈകഴുകുന്ന ചിത്രവും!.

അച്ഛന്റെ മുന്നിലേക്കു് ഞാനെന്റെ ജിജ്ഞാസയെ അഴിച്ചുവിട്ടു. അച്ഛനെന്റെ നേര്‍ക്കു് ഒരു ഫ്ലാഷ് ബാക്കും.

തോമാച്ചനെ രക്ഷിക്കാനുള്ള ബാദ്ധ്യത, പൊറിഞ്ചുവുമായുള്ള സള്‍ഫ്യൂരിക് ആസിഡ് ബന്ധത്തില്‍ പിറന്നു. തോമാച്ചന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി പരിശ്രമിക്കുകയും കിണയുകയും ചെയ്തു. പോലീസിന്റെ എഫ്. ഐ. ആറില്‍ കയറിയപ്പോള്‍, അവിടെ കിടക്കുന്നു, കുറേയേറെ പഴുതുകള്‍.

കോരവൈദ്യന്റെ കടയിലേ ബഞ്ചിലിരുന്ന രണ്ടു പേര്‍, കടയിലെ ബള്‍ബിന്റെ വെളിച്ചത്തില്‍ റോഡിന്റെ മറ്റേ ഭാഗത്തു നടന്ന സംഭവം കണ്ടു പോല്‍. ജഡ്ജി വന്നു് സ്ഥലം കാണണമെന്ന അച്ഛന്റെ ആവശ്യം, തോമസ്സ് വക്കീലിലൂടെ കോടതി അംഗീകരിച്ചു.

കോരവൈദ്യന്റെ ചെവിയോടു് അച്ഛന്‍ ഉവാചഃ

"അവറാച്ചന്‍ ഇനി തിരിച്ചു വരില്ല. നിവര്‍ത്തിയില്ലെങ്കില്‍ നീതിമാന്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച തോമാച്ചനെ നമ്മുടെ മനഃസ്സാക്ഷി കോടതി വെറുതെ വിടുന്നു. എന്താ?"

ചോദിക്കുമ്പോള്‍ തന്നെ വൈദ്യന്റെ കുലുങ്ങുന്ന തല അച്ഛന്‍ കണ്ടു. കണ്ടില്ല ഞാന്‍ ഏവം വിധം കേട്ടുമില്ല, എന്നു് വൈദ്യര്‍ മൊഴിഞ്ഞപ്പോള്‍, ഉദ്ദേശം മൂന്നടിനീളത്തില്‍ തൂങ്ങി കിടന്ന ബള്‍ബിന്റെ വയറിന്റെ നീളം ഒരടിയായി. അമാവാസിയില്‍ ജഡ്ജിഅദ്ദ്യേം വന്നു് വൈദ്യരുടെ കടയിലിരുന്നു് നോക്കുമ്പോള്‍, കടയിലേ വെളിച്ചം കഷ്ടിച്ചു് മുറ്റം വരെ. റോഡു തന്നെ കാണുന്നില്ല. ശേഷം ഭാഗം നമ്മള്‍ സ്ക്രീനില്‍ കണ്ടു. പള്ളിപാണികളെ കൊണ്ടു് ജഡ്ജി വിധിന്യായം ഒഴിച്ചു തോമാച്ചന്‍ കൈ കഴുകി.*NPA - Non Performing Assets (ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി).

Tuesday, October 6, 2009

അഭിമുഖം - മനഃസ്സാക്ഷി

കുറച്ചു് കാലം മുന്‍പു് വരെ, സമൂഹജീവിതത്തില്‍ നിറഞ്ഞുനിന്നിരുന്നതും, ആധുനിക ജീവിതത്തില്‍ അപൂര്‍വ്വമായി അങ്ങിങ്ങു മാത്രം കണ്ടുവരുന്നതുമായ, ശ്രീ മനഃസ്സാക്ഷിയെ, പ്രേക്ഷകര്‍ക്കു വേണ്ടി ഞാന്‍ ഈ വേദിയിലേയ്ക്കു് സന്തോഷ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

ചോ: അടുത്ത കാലത്തായി, അങ്ങെന്തുകൊണ്ടാണു്, മുഖ്യധാരാ ജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതു്?

ഉ: നോക്കു, ഞാന്‍ സ്വന്തം നിലയ്ക്കു് മാറിനിന്നിട്ടില്ല. എന്റെ സാനിധ്യം, ആധുനിക ജീവിതത്തില്‍ ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും അസ്വസ്ഥത ഉളവാക്കുന്നതുകൊണ്ടാണു്, ഞാനിപ്പോള്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപെടുന്നതു്.

ചോ: എന്തുകൊണ്ടാണു് ഈ അസ്വീകാര്യത ഉണ്ടായതു് എന്നു് അങ്ങു് ആലോചിച്ചിട്ടുണ്ടോ?

ഉ: എന്റെ പേരു് പോലെ തന്നെ, സ്വന്തം മനസ്സിനു് പൊരുത്തപെടാത്തതും, സത്യസന്ധമല്ലാത്തതുമായ കാര്യങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍, എന്റെ സാന്നിധ്യം അസ്വസ്ഥത ഉളവാക്കുന്നതു് കൊണ്ടായിരിക്കാം. ശരിയല്ലാത്ത കാര്യങ്ങള്‍ക്കു് ഒരു സാക്ഷിയുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന അലോരസം.

ചോ: വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ആള്‍ക്കു്, ജോലി വളരെ കുറഞ്ഞു പോകുമ്പോള്‍ ഉള്ള വിഷമം?

ഉ: നോക്കു, ഞാനെന്നും ഒരു സാക്ഷി മാത്രമായിരുന്നു.

ചോ : "മനഃസ്സാക്ഷി, മണ്ണാങ്കട്ടി" എന്ന പ്രയോഗത്തോടു് താങ്കളെങ്ങനെ പ്രതികരിക്കുന്നു?

ഉ : ഞാന്‍ നേരത്തേ സൂചിപ്പിച്ച അസ്വസ്ഥതയുടെ ഉത്പന്നമാണതു്. എനിക്കതില്‍ ഒരു പരിഭവവുമില്ല.

ചോ : ഇങ്ങനെ പോയാല്‍ അങ്ങയുടെ കാര്യം കഷ്ടമാവില്ലേ ?!

ഉ : ഞാന്‍ പറഞ്ഞല്ലോ?, എന്നെ സംബന്ധിച്ചിടത്തോളം, ഞാനൊരു സാക്ഷി മാത്രമാണു്. എന്നോടു് ചോദിച്ചാല്‍, ശരിയല്ലെങ്കില്‍, ഞാനതുതന്നെ പറയും. അപ്പോള്‍, വിഷമം എന്നോടു് ചോദിച്ചവര്‍ക്കാവും!

ചോ : അങ്ങനെയെങ്കില്‍, മറ്റുള്ളവര്‍ക്കു് ബുദ്ധിമുട്ടുണ്ടാക്കുവാന്‍ മാത്രമായി, അങ്ങെന്തിനു് ഇടയ്ക്കിടക്കു് പ്രത്യക്ഷപ്പെടുന്നു?

ഉ : നല്ല ചോദ്യം! ഞാനായിട്ടു് ആരേയും ഉപദ്രവിക്കാറില്ല. എന്നെ വകവെയ്ക്കാതെ ജീവിക്കുമ്പോള്‍, എന്നെ പേടിച്ചാണു് ബുദ്ധിമുട്ടുന്നതു്.

ചോ : മനഃസ്സാക്ഷി സൂക്ഷിപ്പുകാരനെന്നു് പറഞ്ഞാല്‍?

ഉ : മണ്ണാങ്കട്ടി!

ചോ : ചഞ്ചലമായ മനസ്സിനു് മേല്‍, മിക്ക ആള്‍ക്കാര്‍ക്കും ഒരു നിയന്ത്രണവുമില്ല. അങ്ങനെ നിയന്ത്രണമില്ലാത്ത മനസ്സിനു്, സാക്ഷിയായിരിക്കാന്‍ അങ്ങെയ്ക്കൊരു ലജ്ജയുമില്ലേ?

ഉ : എന്റെ ഏക ജോലി അതാണു്. അതില്‍, നാണത്തിന്റെയും നാണക്കേടിന്റേയും വിഷയമില്ല. ചിന്തകള്‍ക്കു് സാക്ഷിയായിരിക്കുകയല്ലാതെ ഞാന്‍ മറ്റൊന്നും ചെയ്യുന്നില്ല.

ചോ : അങ്ങേയ്ക്കു് ആധുനിക സമൂഹത്തിനു് നല്കാനുള്ള സന്ദേശം ?

ഉ : എന്നോടു് കൂറു് പുലര്‍ത്തുക. മനസ്സിനെ അലയാന്‍ അനുവദിക്കാതിരിക്കുക. സ്വൈര്യം, സമാധാനം, സന്തോഷം, ഇവ ആഗ്രഹിക്കുവാനെങ്കിലും പഠിക്കുക.

ഇത്രയും സമയം, ഞങ്ങള്‍ക്കു് വേണ്ടി ചിലവഴിച്ചതിനു് പ്രേക്ഷകര്‍ക്കു് വേണ്ടി അങ്ങേയ്ക്കു് നന്ദി പറയുന്നു.

പൊതുവെ അപ്രസക്തമായ എനിക്കു്, നിങ്ങളുടെ പ്രേക്ഷകരുമായി സംവദിക്കാന്‍ ഒരവസരം നല്കിയതിനു് നന്ദി, നമസ്കാരം.

Thursday, May 22, 2008

ആഗോളീകരണം.... ആള്‍ദൈവങ്ങള്‍.... ആസാമിമാര്‍

ആഗോളീകരണം, ആക്കം കൂട്ടിയ അത്യാപത്തുകളില്‍ ഒന്നിനെ കുറിച്ചായിരുന്നു ചിന്ത...
സമൂഹത്തിലെ അസമത്വങ്ങളില്‍ ഏറ്റവും പ്രകടമായ സാമ്പത്തിക അസമത്വത്തിനു പുറമെ,ഏതാണ്ടു് തുല്യ പ്രാധാന്യമര്‍ഹിയ്ക്കുന്ന മറ്റു് അസമത്വങ്ങള്‍ നിലനില്‍ക്കുന്നു. കേരളത്തിലെ സമൂഹത്തില്‍, കൂട്ടുകുടുംബ വ്യവസ്ഥയുടെ സ്വാഭാവിക പതനവും, അണുകുടുമ്പങ്ങളുടെ വ്യാപനവും, മനുഷ്യന്റെ, സ്നേഹിയ്ക്കപെടാനും, അംഗീകരിയ്ക്കപെടാനും തിരിച്ചറിയപെടാനും ഉള്ള ജന്മവാസനയെ ദോഷകരമായി ബാധിച്ചു. മറ്റുള്ളവര്‍ ചെയ്യുന്നതിനെ അനുകരിയ്ക്കാനുള്ള വാസന(Demonstration Effect) (മേല്‍പ്പറഞ്ഞ അംഗീകാരത്തിന്റെ ഒരംശം), വരുമാനം കണക്കിലെടുക്കാതെ ചെലവു് ചെയ്യാന്‍ പ്രേരിപ്പിച്ചു.

ആഗോളീകരണം, ഏറ്റവും അനുയോജ്യരായവര്‍ മാത്രം നിലനിന്നാല്‍ മതിയെന്ന ആശയം ഊട്ടിയുറപ്പിച്ചു. എരിതീയില്‍ നിന്നിരുന്ന നമ്മുടെ ഭൂരിപക്ഷ സമൂഹത്തിനു് ഇതു് എണ്ണയായി. സാമ്പത്തികമായ പുരോഗതി, മുന്‍പേ പറഞ്ഞ വൈകാരികമായ ആവശ്യങ്ങളുടെ (Emotional needs) ആക്കം കൂട്ടി. ഭൂരിപക്ഷം ആള്‍ക്കാരുടേയും ആവശ്യങ്ങളുടെ ശ്രേണിയില്‍ മുന്‍ഗണന ക്രമത്തില്‍ വന്ന വ്യതിയാനങ്ങള്‍ക്കു് നേരേ ഇരുട്ടുകൊണ്ടു് ഓട്ടയടയ്ക്കപ്പെട്ടപ്പോള്‍ സമൂഹം,കൂടുതല്‍ ഇരുട്ടിലേയ്ക്കു നീങ്ങി.

അങ്ങനെ ഉരുത്തിരിഞ്ഞുവന്ന സമൂഹത്തിന്റെ ആവശ്യത്തിന്റെ ഒഴിവിലേയ്ക്കാണു്, ആള്‍ദൈവങ്ങള്‍ സ്വയം അവരോധിതരായതു്. പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഏറ്റവും കുറഞ്ഞ ചെലവില്‍, ഏറ്റവും കാര്യക്ഷമതയോടെ, ഏറ്റവും ലാഭമുണ്ടാക്കുന്ന മത്സരത്തെ പ്രോത്സാഹിപ്പിയ്ക്കുമ്പോള്‍, ഏറ്റവും എളുപ്പമായ ഒരു വാണിജ്യ മേഖല എന്നു കണ്ടെത്തി, ദിവ്യ പരിവേഷവുമായി,തൃകാല ജ്ഞാനികളായി, "ആസാമിമാര്‍" അവതരിയ്ക്കുന്നു.കേരളം ഒരു ഭ്രാന്താലയമാണെന്നു് നമുക്കും ലജ്ജിയ്ക്കേണ്ടിവരുന്നു.

വിശ്വാസവും,അരക്ഷിതാവസ്ഥയും സമര്‍ത്ഥമായി വിപണനം ചെയ്യുന്നതു് എതിര്‍ക്കപ്പെടേണ്ടതാണെങ്കിലും,ആശ്രമങ്ങള്‍ ആക്രമിയ്ക്കുന്നതിനു് മുന്‍പു് നമുക്കു് സ്വയം അന്ധരാകാതിരിയ്ക്കാം,കണ്ണുതുറന്നു് നോക്കാം, യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിയ്ക്കാം, കാരണങ്ങള്‍ കണ്ടെത്തി പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കാം. ഭ്രാന്താലയത്തിനു പകരം സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഊഷ്മളതകള്‍ അനുഭവിയ്ക്കുന്ന ഒരു സമൂഹത്തേ സ്വപ്നം കാണാം.