Thursday, May 22, 2008

ആഗോളീകരണം.... ആള്‍ദൈവങ്ങള്‍.... ആസാമിമാര്‍

ആഗോളീകരണം, ആക്കം കൂട്ടിയ അത്യാപത്തുകളില്‍ ഒന്നിനെ കുറിച്ചായിരുന്നു ചിന്ത...
സമൂഹത്തിലെ അസമത്വങ്ങളില്‍ ഏറ്റവും പ്രകടമായ സാമ്പത്തിക അസമത്വത്തിനു പുറമെ,ഏതാണ്ടു് തുല്യ പ്രാധാന്യമര്‍ഹിയ്ക്കുന്ന മറ്റു് അസമത്വങ്ങള്‍ നിലനില്‍ക്കുന്നു. കേരളത്തിലെ സമൂഹത്തില്‍, കൂട്ടുകുടുംബ വ്യവസ്ഥയുടെ സ്വാഭാവിക പതനവും, അണുകുടുമ്പങ്ങളുടെ വ്യാപനവും, മനുഷ്യന്റെ, സ്നേഹിയ്ക്കപെടാനും, അംഗീകരിയ്ക്കപെടാനും തിരിച്ചറിയപെടാനും ഉള്ള ജന്മവാസനയെ ദോഷകരമായി ബാധിച്ചു. മറ്റുള്ളവര്‍ ചെയ്യുന്നതിനെ അനുകരിയ്ക്കാനുള്ള വാസന(Demonstration Effect) (മേല്‍പ്പറഞ്ഞ അംഗീകാരത്തിന്റെ ഒരംശം), വരുമാനം കണക്കിലെടുക്കാതെ ചെലവു് ചെയ്യാന്‍ പ്രേരിപ്പിച്ചു.

ആഗോളീകരണം, ഏറ്റവും അനുയോജ്യരായവര്‍ മാത്രം നിലനിന്നാല്‍ മതിയെന്ന ആശയം ഊട്ടിയുറപ്പിച്ചു. എരിതീയില്‍ നിന്നിരുന്ന നമ്മുടെ ഭൂരിപക്ഷ സമൂഹത്തിനു് ഇതു് എണ്ണയായി. സാമ്പത്തികമായ പുരോഗതി, മുന്‍പേ പറഞ്ഞ വൈകാരികമായ ആവശ്യങ്ങളുടെ (Emotional needs) ആക്കം കൂട്ടി. ഭൂരിപക്ഷം ആള്‍ക്കാരുടേയും ആവശ്യങ്ങളുടെ ശ്രേണിയില്‍ മുന്‍ഗണന ക്രമത്തില്‍ വന്ന വ്യതിയാനങ്ങള്‍ക്കു് നേരേ ഇരുട്ടുകൊണ്ടു് ഓട്ടയടയ്ക്കപ്പെട്ടപ്പോള്‍ സമൂഹം,കൂടുതല്‍ ഇരുട്ടിലേയ്ക്കു നീങ്ങി.

അങ്ങനെ ഉരുത്തിരിഞ്ഞുവന്ന സമൂഹത്തിന്റെ ആവശ്യത്തിന്റെ ഒഴിവിലേയ്ക്കാണു്, ആള്‍ദൈവങ്ങള്‍ സ്വയം അവരോധിതരായതു്. പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഏറ്റവും കുറഞ്ഞ ചെലവില്‍, ഏറ്റവും കാര്യക്ഷമതയോടെ, ഏറ്റവും ലാഭമുണ്ടാക്കുന്ന മത്സരത്തെ പ്രോത്സാഹിപ്പിയ്ക്കുമ്പോള്‍, ഏറ്റവും എളുപ്പമായ ഒരു വാണിജ്യ മേഖല എന്നു കണ്ടെത്തി, ദിവ്യ പരിവേഷവുമായി,തൃകാല ജ്ഞാനികളായി, "ആസാമിമാര്‍" അവതരിയ്ക്കുന്നു.കേരളം ഒരു ഭ്രാന്താലയമാണെന്നു് നമുക്കും ലജ്ജിയ്ക്കേണ്ടിവരുന്നു.

വിശ്വാസവും,അരക്ഷിതാവസ്ഥയും സമര്‍ത്ഥമായി വിപണനം ചെയ്യുന്നതു് എതിര്‍ക്കപ്പെടേണ്ടതാണെങ്കിലും,ആശ്രമങ്ങള്‍ ആക്രമിയ്ക്കുന്നതിനു് മുന്‍പു് നമുക്കു് സ്വയം അന്ധരാകാതിരിയ്ക്കാം,കണ്ണുതുറന്നു് നോക്കാം, യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിയ്ക്കാം, കാരണങ്ങള്‍ കണ്ടെത്തി പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കാം. ഭ്രാന്താലയത്തിനു പകരം സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഊഷ്മളതകള്‍ അനുഭവിയ്ക്കുന്ന ഒരു സമൂഹത്തേ സ്വപ്നം കാണാം.