Tuesday, October 6, 2009

അഭിമുഖം - മനഃസ്സാക്ഷി

കുറച്ചു് കാലം മുന്‍പു് വരെ, സമൂഹജീവിതത്തില്‍ നിറഞ്ഞുനിന്നിരുന്നതും, ആധുനിക ജീവിതത്തില്‍ അപൂര്‍വ്വമായി അങ്ങിങ്ങു മാത്രം കണ്ടുവരുന്നതുമായ, ശ്രീ മനഃസ്സാക്ഷിയെ, പ്രേക്ഷകര്‍ക്കു വേണ്ടി ഞാന്‍ ഈ വേദിയിലേയ്ക്കു് സന്തോഷ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

ചോ: അടുത്ത കാലത്തായി, അങ്ങെന്തുകൊണ്ടാണു്, മുഖ്യധാരാ ജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതു്?

ഉ: നോക്കു, ഞാന്‍ സ്വന്തം നിലയ്ക്കു് മാറിനിന്നിട്ടില്ല. എന്റെ സാനിധ്യം, ആധുനിക ജീവിതത്തില്‍ ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും അസ്വസ്ഥത ഉളവാക്കുന്നതുകൊണ്ടാണു്, ഞാനിപ്പോള്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപെടുന്നതു്.

ചോ: എന്തുകൊണ്ടാണു് ഈ അസ്വീകാര്യത ഉണ്ടായതു് എന്നു് അങ്ങു് ആലോചിച്ചിട്ടുണ്ടോ?

ഉ: എന്റെ പേരു് പോലെ തന്നെ, സ്വന്തം മനസ്സിനു് പൊരുത്തപെടാത്തതും, സത്യസന്ധമല്ലാത്തതുമായ കാര്യങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍, എന്റെ സാന്നിധ്യം അസ്വസ്ഥത ഉളവാക്കുന്നതു് കൊണ്ടായിരിക്കാം. ശരിയല്ലാത്ത കാര്യങ്ങള്‍ക്കു് ഒരു സാക്ഷിയുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന അലോരസം.

ചോ: വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ആള്‍ക്കു്, ജോലി വളരെ കുറഞ്ഞു പോകുമ്പോള്‍ ഉള്ള വിഷമം?

ഉ: നോക്കു, ഞാനെന്നും ഒരു സാക്ഷി മാത്രമായിരുന്നു.

ചോ : "മനഃസ്സാക്ഷി, മണ്ണാങ്കട്ടി" എന്ന പ്രയോഗത്തോടു് താങ്കളെങ്ങനെ പ്രതികരിക്കുന്നു?

ഉ : ഞാന്‍ നേരത്തേ സൂചിപ്പിച്ച അസ്വസ്ഥതയുടെ ഉത്പന്നമാണതു്. എനിക്കതില്‍ ഒരു പരിഭവവുമില്ല.

ചോ : ഇങ്ങനെ പോയാല്‍ അങ്ങയുടെ കാര്യം കഷ്ടമാവില്ലേ ?!

ഉ : ഞാന്‍ പറഞ്ഞല്ലോ?, എന്നെ സംബന്ധിച്ചിടത്തോളം, ഞാനൊരു സാക്ഷി മാത്രമാണു്. എന്നോടു് ചോദിച്ചാല്‍, ശരിയല്ലെങ്കില്‍, ഞാനതുതന്നെ പറയും. അപ്പോള്‍, വിഷമം എന്നോടു് ചോദിച്ചവര്‍ക്കാവും!

ചോ : അങ്ങനെയെങ്കില്‍, മറ്റുള്ളവര്‍ക്കു് ബുദ്ധിമുട്ടുണ്ടാക്കുവാന്‍ മാത്രമായി, അങ്ങെന്തിനു് ഇടയ്ക്കിടക്കു് പ്രത്യക്ഷപ്പെടുന്നു?

ഉ : നല്ല ചോദ്യം! ഞാനായിട്ടു് ആരേയും ഉപദ്രവിക്കാറില്ല. എന്നെ വകവെയ്ക്കാതെ ജീവിക്കുമ്പോള്‍, എന്നെ പേടിച്ചാണു് ബുദ്ധിമുട്ടുന്നതു്.

ചോ : മനഃസ്സാക്ഷി സൂക്ഷിപ്പുകാരനെന്നു് പറഞ്ഞാല്‍?

ഉ : മണ്ണാങ്കട്ടി!

ചോ : ചഞ്ചലമായ മനസ്സിനു് മേല്‍, മിക്ക ആള്‍ക്കാര്‍ക്കും ഒരു നിയന്ത്രണവുമില്ല. അങ്ങനെ നിയന്ത്രണമില്ലാത്ത മനസ്സിനു്, സാക്ഷിയായിരിക്കാന്‍ അങ്ങെയ്ക്കൊരു ലജ്ജയുമില്ലേ?

ഉ : എന്റെ ഏക ജോലി അതാണു്. അതില്‍, നാണത്തിന്റെയും നാണക്കേടിന്റേയും വിഷയമില്ല. ചിന്തകള്‍ക്കു് സാക്ഷിയായിരിക്കുകയല്ലാതെ ഞാന്‍ മറ്റൊന്നും ചെയ്യുന്നില്ല.

ചോ : അങ്ങേയ്ക്കു് ആധുനിക സമൂഹത്തിനു് നല്കാനുള്ള സന്ദേശം ?

ഉ : എന്നോടു് കൂറു് പുലര്‍ത്തുക. മനസ്സിനെ അലയാന്‍ അനുവദിക്കാതിരിക്കുക. സ്വൈര്യം, സമാധാനം, സന്തോഷം, ഇവ ആഗ്രഹിക്കുവാനെങ്കിലും പഠിക്കുക.

ഇത്രയും സമയം, ഞങ്ങള്‍ക്കു് വേണ്ടി ചിലവഴിച്ചതിനു് പ്രേക്ഷകര്‍ക്കു് വേണ്ടി അങ്ങേയ്ക്കു് നന്ദി പറയുന്നു.

പൊതുവെ അപ്രസക്തമായ എനിക്കു്, നിങ്ങളുടെ പ്രേക്ഷകരുമായി സംവദിക്കാന്‍ ഒരവസരം നല്കിയതിനു് നന്ദി, നമസ്കാരം.